ഹരിത വിഷയത്തിൽ ആരോപണ വിധേയനായ (Haritha)എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ വിമർശിക്കുന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശബ്ദരേഖ പുറത്ത് വന്നത് ചർച്ചയാകുന്നു
മലപ്പുറം: ഹരിത വിഷയത്തിൽ ആരോപണ വിധേയനായ (Haritha)എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ വിമർശിക്കുന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശബ്ദരേഖ പുറത്ത് വന്നത് ചർച്ചയാകുന്നു. നവാസിനെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ഇ. ടി രൂക്ഷവിമർശനമുന്നയിക്കുന്നതിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഹരിത വിഷയം സങ്കീർണ്ണമാക്കിയത് ആരോപണ വിധേയനായ നവാസാണെന്നും ഇയാൾക്കെതിരെ നടപടി വേണ്ടതായിരുന്നുവെന്നുമാണ് സംസ്ഥാന നേതാക്കളോട് ഇ ടി മുഹമ്മദ് ബഷീര്‍ അനൌദ്യോഗികമായി സംസാരിക്കുന്നത്.
''കഴിഞ്ഞ ദിവസം ഇരുന്നപ്പോള്‍ ഞാന്‍ സ്‌ട്രോങ് ആയി പറഞ്ഞു തങ്ങള്‍ ഉള്ളപ്പോള്‍ തന്നെ. നവാസ് വന്ന വഴി ശരിയല്ല. ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്. നടപടി വേണ്ടിയിരുന്ന സംഭവമാണിത്. ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നു. എംഎസ്എഫിനെ പിണക്കി, ഹരിതയെയും പിണക്കി. ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ പുറത്താക്കിയ നടപടി തെറ്റാണ്. സംഘടന നന്നാവാന്‍ നവാസിനെ മാറ്റി നിര്‍ത്തുകയാണ് വഴി'' എന്നും ഇടി ശബ്ദരേഖയിൽ പറയുന്നു.
ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതാവ് നവാസിനെതിരെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് അടക്കം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണമുന്നയിച്ച ഹരിത നേതാക്കളെ തള്ളുകയും നവാസിനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് വിരുദ്ധമായി നവാസിനെതിരെ നടപടി വേണമായിരുന്നുവെന്ന നിലപാടായിരുന്നു ഇടി മുഹമ്മദ് ബഷീറിനുണ്ടായിരുന്നതെന്നാണ് പുറത്ത് വന്ന ശബ്ദരേഖ സൂചിപ്പിക്കുന്നത്.
'പരാതിക്ക് പിന്നിൽ അജണ്ട, നടപടി ലീഗുമായി ആലോചിക്കും', വനിതാ നേതാക്കളുടെ പരാതിയിൽ പികെ നവാസ്
ഇടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്തു വന്ന പശ്ചാത്തലത്തിൽ ഹരിത മുൻ നേതാക്കൾ ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളെ കാണും. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ പരാതി ഉന്നയിച്ച പെൺകുട്ടികൾക്കൊപ്പം നിലപാടെടുത്തതിന് നടപടിക്ക് വിധേയരായ മുൻ നേതാക്കളാണ് മാധ്യമങ്ങളെ കാണുന്നത്. പികെ നവാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇവർ നടത്തിയേക്കുമെന്നാണ് വിവരം.
ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് അറസ്റ്റില്‍
അതേ സമയം, ഹരിത വിവാദവുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ശബ്ദരേഖ വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെന്നെന്നാണ് മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കുന്നത്. ഹരിത വിവാദം അവസാനിപ്പിച്ചതാണ്, വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്. അത് ഇപ്പോൾ പുറത്തു വിട്ട് അവഹേളിക്കുന്നത് മാന്യത അല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെടുന്നു.
എംഎസ്എഫിൽ പ്രതിഷേധം ശക്തം; സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 12 ജില്ലാ കമ്മിറ്റികൾ

