Asianet News MalayalamAsianet News Malayalam

Railway : ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ, ഈ മാസം 28ന് കമ്മീഷൻ ചെയ്യാനാകുമെന്ന് റെയിൽവേ

മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം വിജയം, വൈകീട്ട് രണ്ട് ബോഗികൾ ഘടിപ്പിച്ച എഞ്ചിൻ കടത്തിവിടും

Ettumanoor Chingavanam double track is expected to be commissioned by 28th of this month says Chief Safety Commissioner
Author
Kottayam, First Published May 23, 2022, 2:26 PM IST

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം പൂർത്തിയായി. വൈകീട്ട് പുതിയ പാളത്തിലൂടെ എഞ്ചിൻ ഉപയോഗിച്ചുള്ള പരിശോധന നടത്തും. എഞ്ചിനും രണ്ട് ബോഗികളുമാണ് കടത്തി വിടുക. ഇതിനു ശേഷം കമ്മീഷനിംഗ്  സംബന്ധിച്ച് അന്തിമ  തീരുമാനം എടുക്കുമെന്ന് ചീഫ് സുരക്ഷാ കമ്മീഷണ‌ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏറ്റുമാനൂർ സ്റ്റേഷന് സമീപമുള്ള പാറോലിക്കൽ ഗേറ്റ് മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്താണ് സുരക്ഷാ പരിശോധന നടക്കുന്നത്. 120 കിലോമീറ്റർ വേഗത്തിലാണ് എഞ്ചിനും രണ്ട് ബോഗികളും അടങ്ങിയ ട്രെയിൻ കടത്തിവിടുക. അങ്ങോട്ടും ഇങ്ങോട്ടും പാളത്തിലുടെ വിജയകരമായി ട്രെയിൻ കടത്തിവിടാനായാൽ ട്രാക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകും. ഇതോടെ സംസ്ഥാനത്ത് കാസർകോട് മുതൽ പാറശ്ശാല വരെ വൈദ്യുതീകരിച്ച ഇരട്ട റെയിൽപ്പാത എന്ന ലക്ഷ്യം കേരളത്തിന് കൈവരിക്കാനാകും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഈ മാസം 28 വരെ ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ചില ട്രെയിനുകൾ ഭാഗികമായാണ് സർവീസ് നടത്തുന്നത്. മറ്റ് ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം സുരക്ഷാ പരിശോധന പൂർത്തിയാകുന്നതോടെ ഈ ട്രെയിനുകളുടെ സർവീസ് പുനഃസ്ഥാപിക്കാനാകും.

Follow Us:
Download App:
  • android
  • ios