കണ്ണൂർ ചൊക്ലിയിൽ നിന്നും 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസമാകുന്നു. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ച് വീടുവിട്ട കുട്ടിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയാൻ മറ്റാരുടെയോ സഹായം ലഭിക്കുന്നുണ്ടെന്നാണ് സംശയം.

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശിവസൂര്യ വീട് വിട്ടിട്ട് 70 ദിവസമായിട്ടുണ്ട്.

ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.

തുട‍ർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയിൽ 17കാരന്‍റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.