'നവകേരള സദസിന്റെ പേരിൽ റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ട്'
മലപ്പുറം : എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കതിരെ വാർത്താ സമ്മേളനത്തിൽ ഭീഷണിയുമായി പി. വി അൻവർ. 'നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വെച്ച് കാണിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. നവകേരള സദസിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിൽ മറുപടി നൽകിയ അൻവർ, തന്നെ യുഡിഎഫ് കറിവേപ്പിലയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നൽകിയെന്നും ചോദിച്ചു. വിഡി സതീശൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നു. അതെങ്ങനെ നടന്നുവെന്നും അൻവർ ചോദിച്ചു.
പുതിയ മുന്നണിയുമായാണ് പിവി അൻവർ നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അൻവർ മത്സരിക്കുക. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിനേ്റെ ഭാഗമായാണ് നീക്കം. ആംആദ്മി പാർട്ടിയും ഈ മുന്നണിയെ പിന്തുണക്കും. മറ്റു പാർട്ടികളെയും മുന്നണിയുടെ ഭാഗമാക്കാൻ നീക്കം പുരോഗമിക്കുകയാണ്.




