Asianet News MalayalamAsianet News Malayalam

കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു, ഭർത്താവ് മരിച്ചു; പിന്നിൽ മുൻവൈരാഗ്യം

പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ, പ്രഭാകര പിള്ളയുടെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ, ഗുരുതരമായി പൊള്ളലേറ്റ പ്രഭാകര കുറുപ്പ് ആശുപത്രിയിലെത്തിച്ച ശേഷം മരിച്ചു

Ex serviceman sets husband and wife on fire over money dispute
Author
First Published Oct 1, 2022, 1:56 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ, ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. നില വഷളായതോടെ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. മകന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ, പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായ‍‍ർ.

ജീവനെടുത്തത് പക, മകന്റെ ആത്മഹത്യക്ക് കാരണക്കാരനാണെന്ന സംശയം; കോടതി വെറുതെ വിട്ടത് പക കൂട്ടി

ശശിധരൻ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പ്രഭാകര കുറുപ്പാണ് 29 വർഷം മുമ്പ് ശശിധരൻ നായരുടെ മകനെ ബഹ്റൈനിൽ കൊണ്ടുപോയത്. എന്നാൽ മകൻ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരൻ നായർ നൽകിയ കേസിൽ ഇന്നലെ പ്രഭാകര കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരൻ നായർ പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അതിനു മുമ്പ് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാൾ രണ്ടുപേരെയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios