പത്തനംതിട്ട എലോഹിം കേന്ദ്രത്തിൽ നടന്ന പീഡനങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറയുകയാണ് മുൻ ജീവനക്കാരി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നു. നല്ല ഭക്ഷണമോ മരുന്നോ ആർക്കും നൽകില്ലെന്നും മുൻ ജീവനക്കാരി. 

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ നടന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ജീവനക്കാരി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ ആർക്കും നൽകില്ലെന്നും മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ചെയ്യാത്ത കുറ്റത്തിനാണ് അണക്കരയിലെ 17കാരനെ മ‍ർദിച്ചത്. പുറത്ത് പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പ്രായഭേദമന്യേ എല്ലാവരെയും ഉപദ്രവിക്കാറുണ്ട്. നല്ല ഭക്ഷണമില്ല. സമയത്തിന് മരുന്ന് നൽകില്ല. പല കാരണം പറഞ്ഞാണ് 17കാരനെ ഉപദ്രവിച്ചത്. അങ്ങനൊരു തെറ്റ് ഈ കൊച്ച് ചെയ്തിട്ടില്ല. ഉപദ്രവിക്കുന്നത് തങ്ങൾ കണ്ടിട്ടില്ല. മുറിയിൽ പൂട്ടിയിട്ടായിരുന്നു ഉപദ്രവം. ഒരുപാട് ഉപദ്രവിച്ചു. മുൻപും ഉപദ്രവം ഉണ്ടായിട്ടുണ്ട്. താൻ ചെന്നതിന് ശേഷം അത് ആദ്യ സംഭവമായിരുന്നു. വീട്ടിൽ വിളിച്ച് പറയണമെന്ന് പറഞ്ഞതിനെ തുടർന്ന് താനാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. പിറ്റേദിവസം അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം തനിക്ക് ഭീഷണി നേരിട്ടു. ഇതിൻ്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ കുടുക്കുമെന്ന് പാസ്റ്റർ പറഞ്ഞു. അക്കാര്യം എഴുതി വാങ്ങിയശേഷമാണ് തന്നെ പറഞ്ഞുവിട്ടത്'- മുൻ ജീവനക്കാരി പറഞ്ഞു.

അവന് നടക്കാൻ പറ്റില്ലായിരുന്നു. വലിച്ച് വലിച്ചാണ് നടന്നിരുന്നത്. ആ അവസ്ഥയിലും പണിക്ക് പറഞ്ഞുവിടുമായിരുന്നു. പാസ്റ്ററിന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് കല്ലും മണ്ണും ചുമക്കാൻ അവനെ പറഞ്ഞുവിടുമായിരുന്നു. സ്ഥാപനത്തിലെ പ്രായമായവർക്ക് നല്ല രീതിയിൽ ഭക്ഷണം നൽകിയിരുന്നില്ല. അവരുടെ പെൻഷൻ വാങ്ങിയെടുത്ത ശേഷം ആശുപത്രിയിൽ പോലും കൊണ്ടുപോകാറില്ല. മുതിർന്നവരെയും ഉപദ്രവിക്കുമായിരുന്നു. സിജോ നാൽപ്പതോളം കേസുകളിൽ പ്രതിയാണ്. സിജോയും ബെന്നിയുമാണ് പ്രധാനമായും മർദിച്ചിരുന്നതെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മർദനമേറ്റ 17കാരൻ്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ഇന്നലെ വീട്ടിൽ വന്ന് മകൻ്റെ മൊഴി രേഖപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. 

തെളിവുകൾ ലഭിച്ചെന്ന് സിഡബ്ല്യുസി

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ ശാരീരിക പീഡനത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് സിഡബ്ല്യുസി അറിയിച്ചു. കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട അന്തേവാസികൾ മൊഴി നൽകിയെന്ന് സിഡബ്ല്യുസി ചെയ‍ർപേഴ്സൺ അഡ്വ. ലീന കെ സുഭാഷ് അറിയിച്ചു. സ്ഥാപനത്തിൽ നിയമവിരുദ്ധമായി ആളുകളെ പാർപ്പിച്ചതായി കണ്ടെത്തി. 17കാരൻ്റെ ശരീരത്തിൽ മുറിവുണ്ടെന്ന മെഡിക്കൽ സ‍ർട്ടിഫിക്കറ്റ് ലഭിച്ചു. വേതനം നൽകാതെ ജോലി ചെയ്യിപ്പിച്ചുവെന്ന് കുട്ടികളും മൊഴി നൽകി. ഇനിയൊരു അമ്മയെയും കുഞ്ഞിനെയും കണ്ടെത്താനുണ്ടെന്നും അവ‍ർ അറിയിച്ചു. ദൃക്സാക്ഷി മൊഴികൾ സിഡബ്ല്യുസി പൊലീസിന് കൈമാറും.

പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂര മർദനത്തിനിരയായത്. സംഭവത്തിൽ ​ഗുരുതര വകുപ്പുകൾ ചുമത്താൻ കേസന്വേഷണം ഏറ്റെടുത്ത ഇലവുംതിട്ട പൊലീസ് നീക്കം ആരംഭിച്ചു. പ്രതികളായ മാനേജരും ജീവനക്കാരും ഒളിവിലാണ്. വിവാദങ്ങളിൽ പ്രതികരിക്കാൻ എലോഹിം ഗ്ലോബൽ വർഷിപ്പ് നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.