തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ പരീക്ഷാ നടത്തിപ്പില്‍  ക്രമക്കേട് നടന്നെന്ന്  ആരോപണം. മോഡറേഷൻ മാർക്ക് തിരുത്തി വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചതായാണ് ആക്ഷേപം. സര്‍വ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാർ ചാമക്കാലയും, ശശികുമാറുമാണ് ആരോപണം ഉന്നയിച്ചത്. സിപിഎം അനുഭാവികളായ ജീവനക്കാരാണ് ക്രമക്കേടിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. മാർക്ക് തട്ടിപ്പിന്റെ രേഖകളും പുറത്തുവിട്ടു.

സര്‍വ്വകലാശാലക്കു കീഴിലുള്ള റീസ്ട്രക്ചര്‍ കോഴ്സുകളിലെ പരീക്ഷകളില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 20 16ലെ പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഓരോ പരീക്ഷയ്ക്കു ശേഷവും പരീക്ഷാ ബോര്‍ഡ് യോഗം കൂടി പരീക്ഷാര്‍ത്ഥികള്‍ക്ക് ഒന്ന്, മൂന്ന്, അഞ്ച് എന്ന രീതിയില്‍ മോഡറേഷന്‍ മാര്‍ക്ക് നല്‍കാറുണ്ട്. പക്ഷേ, 2016ലെ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതാന്‍ വന്നപ്പോള്‍ തങ്ങള്‍ പരീക്ഷയില്‍ ജയിച്ചതായി കണ്ടെത്തി. ഇങ്ങനെ പലര്‍ക്കും സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ജയിച്ചതായി കണ്ടെത്തിയത്.

പരീക്ഷയില്‍ തോറ്റ ഏതൊക്കെയോ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി  കമ്പ്യൂട്ടര്‍ പാസ്‍വേഡ് ഹാക്ക് ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് നിഗമനം. ചിലര്‍ക്കുവേണ്ടി ചെയ്ത കാര്യം നിരവധി പേര്‍ക്ക് ഗുണകരമായിത്തീരുകയും ചെയ്തു. ഇങ്ങനെ മാര്‍ക്ക് ദാനത്തിലൂടെ ക്രമക്കേട് നടത്തിയെന്നാണ് ജ്യോതികുമാർ ചാമക്കാലയും, ശശികുമാറും ആരോപിക്കുന്നത്. 

ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാറെ  സസ്പെന്‍റ് ചെയ്തു. അങ്ങനെ സര്‍വ്വകലാശായ്ക്കുള്ളില്‍ തന്നെ പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്നാണ് ഇപ്പോള്‍ ആരോപമം ഉയരുന്നത്. പരീക്ഷാ ക്രമക്കേട് സർവ്വകലാശാലക്കു പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നും മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. 

അതേസമയം, കേരള സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതികരണവുമായി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള രംഗത്തെത്തി. തിരുത്തി നൽകിയ മുഴുവൻ മോഡറേഷൻ മാർക്കുകളും റദ്ദാക്കാൻ ഉത്തരവിട്ടതായി മഹാദേവൻ പിള്ള പറഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പ്രോ വൈസ് ചാൻസിലറും, ഒരു സാങ്കേതിക സമിതിയും അന്വേഷിക്കും. ആഭ്യന്തര അന്വേഷണത്തിന് ശേഷം ക്രമക്കേട് കണ്ടെത്തിയാൽ പൊലീസിൽ പരാതി നൽകുമെന്നും വി സി പ്രതികരിച്ചു.