Asianet News MalayalamAsianet News Malayalam

അണക്കപ്പാറയിൽ വ്യാജക്കള്ള് ഒഴുകുന്ന വഴിയന്വേഷിച്ച് എക്സൈസ്; സോമൻ നായർക്കായി തെക്കൻ കേരളത്തിലേക്കും അന്വേഷണം

കോതമംഗലം സ്വദേശി സോമൻ നായർ എന്നയാൾക്ക് വേണ്ടിയാണ് വ്യാജൻ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം സ്വദേശിയായ സോമൻനായർ കഴിഞ്ഞ നാൽപത് വ‍ർഷമായി അബ്കാരി രംഗത്ത് സജീവമാണ്. 

excise in search of a way for fake toddy flow into anakkappara palakakd
Author
Palakkad, First Published Jun 28, 2021, 6:59 AM IST

പാലക്കാട്: അണക്കപ്പാറയിലെ വ്യാജകളള് ഉൽപ്പാദന കേന്ദ്രത്തിലെ പ്രധാന കണ്ണി സോമൻ നായർക്കായി തെക്കൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ് സംഘം. കഴിഞ്ഞ വർഷം ചാലക്കുടിയിൽ നിന്ന് പാലക്കാട്ടെത്തിയ സ്പിരിറ്റ് ലോഡ് ഒളിപ്പിച്ചത് അണക്കപ്പാറയിലേതിന് സമാനമായ കേന്ദ്രങ്ങളിലെന്നാണ് സൂചന. അന്ന് സ്പിരിറ്റ് ലോഡ് തവിടായി മാറിയ സാഹചര്യവും അന്വേഷിക്കും. അണക്കപ്പാറയിലെ വ്യാജ കളളുൽപ്പാദന കേന്ദ്രത്തിനെതിരെ ഇത്രയും കാലം നടപടിയെക്കാത്തത് ഗുരുതര വീഴ്ചയാണെന്നാണ് സംസ്ഥാന എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ.

അണക്കപ്പാറയിലെ വ്യാജകളള് ഒഴുകുന്ന വഴിയന്വേഷിക്കുകയാണ് എക്സൈസ്. കോതമംഗലം സ്വദേശി സോമൻ നായർ എന്നയാൾക്ക് വേണ്ടിയാണ് വ്യാജൻ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം സ്വദേശിയായ സോമൻനായർ കഴിഞ്ഞ നാൽപത് വ‍ർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ സോമൻനായർ നടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസംവരെ അണക്കപ്പാറയിലെ കളളുത്പാദന കേന്ദ്രത്തിൽ സോമൻനായരുണ്ടായിരുന്നു എന്നാണ് വിവരം. 

വ്യാജ കളള് നി‍ർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ എക്സൈസ് സംഘത്തിന് വിവരമുണ്ടായിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. പെരുമ്പാവൂ‍ർ കേന്ദ്രീകരിച്ച സ്പിരിറ്റ് ലോബിയുടെ നേതാവ് ഇയാളെന്നും എക്സൈസ് എൻഫോഴ്സമെന്റ് പറയുന്നു. ഇയാളുടെ ബിനാമി ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. സോമൻനായരുൾപ്പെടെയുളളവ‍ർക്ക് എക്സൈസിൽ സ്വാധീനമുളളതിനാലാണ് ജില്ല എക്സൈസ് സംഘത്തെ മറികടന്ന് സംസ്ഥാന എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനക്കെത്തിയതെന്നാണ് വിവരം. 

വർഷങ്ങളായി കളള് ഗോഡൗൺ എന്ന മറയിലായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ചത്. സോമൻനായരുടെ സ്വാധീനത്തിന് പുറത്ത് പരിശോധനകളെല്ലാം ഒഴിവായി. ജില്ലയിലെ മുതി‍ർന്ന ഉദ്യോഗസ്ഥരിലൊരാൾ ഈ സങ്കേതത്തിലെത്തി സോമൻനായർക്കൊപ്പം സത്കാരത്തിൽ പങ്കെടുത്തതായും വിവരമുണ്ട്. ജില്ലയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതുപോലെ എൻഫോഴ്സ്മെന്റ് സംഘത്തെയും സ്വാധീനിക്കാമെന്ന ധാരണയിലാണ് 10 ലക്ഷം രൂപ ഓഫർ ചെയ്തത്. കഴിഞ്ഞ വർഷം ചാലക്കുടിയിൽ നിന്ന് വടക്കഞ്ചേരി എക്സൈസ് സംഘം പിന്തുടർന്ന് വന്ന സ്പിരിറ്റ് ലോഡ് പിന്നീട് തവിട് കൊണ്ടുവന്ന വണ്ടിയാക്കി മാറ്റിയതിന് പിന്നിലും വടക്കഞ്ചേരി സംഘമാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച റെയ്ഡ് നടന്ന അണക്കപ്പാറയ്ക്ക് ഏതാനും കിലോമീറ്ററുകൾ അപ്പുറത്തുവച്ചാണ് അന്ന് ലോഡ് കാണാതായതെന്നതും ദുരൂഹത കൂട്ടുന്നു. ഇതുമായുളള ബന്ധത്തെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ജില്ലയിൽ സമാന രീതിയിൽ ഇത്തരം കേന്ദ്രങ്ങൾ ഇനിയുമുണ്ടെന്നാണ് സൂചന.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios