ഒന്നാം തീയതി മദ്യശാല തുറക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. തീരുമാനം മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെന്ന് ടി പി രാമകൃഷ്ണൻ.

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഒന്നാം തീയതിയുളള നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഡ്രൈ ഡേ കൊണ്ട് കാര്യമായ നേട്ടമില്ലന്ന വിലയിരുത്തലും ടൂറിസം മേഖലയില്‍ നിന്നുളള സമ്മര്‍ദ്ദവുമാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍, മാർച്ചിൽ പുതിയ മദ്യ നയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഡ്രൈ ഡേ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്‍റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന വിലയിരുത്തലിലാണ് എ കെ ആന്‍റണി മന്ത്രിസഭയുടെ കാലത്ത് ഡ്രൈ ഡേ തുടങ്ങിയത്. എന്നാല്‍ ഒന്നാം തീയതിയുളള മദ്യനിരോധനം കൊണ്ട് നേട്ടമില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഒന്നാം തീയതി മദ്യം കിട്ടില്ലന്നതിനാല്‍ തലേന്ന് തന്നെ മദ്യം സംഭരിക്കുന്നത് പതിവായി. എല്ലാ മാസവും അവസാന ദിനമാണ് ഏറ്റവുമധികം മദ്യവില്‍പനയെന്നത് ഈ വിലയരുത്തലിന് ബലം പകരുന്നതുമായി. ഈ സാഹചര്യത്തില്‍ ഡ്രൈഡേ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിന് മുന്നിലുളളത്. തളര്‍ച്ച നേരിടുന്ന ടൂറിസം മേഖലയും ഇതേ ആവശ്യം ഉന്നയിച്ചതോടെ ഡ്രൈ ഡേ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഈ ഘട്ടത്തില്‍ എക്സൈസ് മന്ത്രി സ്ഥീരീകരിക്കുന്നില്ല.

ഇതോടൊപ്പം ടൂറിസം മേഖലയില്‍ നിന്നുളള നിര്‍ദ്ദേശം പരിഗണിച്ച് പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യവും എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലുണ്ട്. ഇടതുമുന്നണി ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

More Related News

Read more at: പള്ളികൾക്ക് വീഞ്ഞുണ്ടാക്കാൻ വിലക്കില്ല. നിയന്ത്രണം ഓണ്‍ലൈന്‍ വില്‍പനയ്ക്ക്: എക്സൈസ് മന്ത്രി ...

Read more at: വീട്ടില്‍ വൈനുണ്ടാക്കാന്‍ നിരോധനമില്ലെന്ന് എക്സൈസ് മന്ത്രി ...