കോടതിയിൽ ഹാജരാക്കി അജ്നാസിനെ കസ്റ്റഡിയിൽ വാങ്ങി. നിസാറിനെ റിമാൻഡ് ചെയ്തു. ഇവർക്ക് തട്ടിക്കൊണ്ടുപോകലുമായി നിലവിൽ ബന്ധം ഇല്ലെന്നാണ് വിവരം.
കോഴിക്കോട്: താമരശ്ശേരി പരപ്പനയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണി കുളം സ്വദേശി അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി അജ്നാസിനെ കസ്റ്റഡിയിൽ വാങ്ങി. നിസാറിനെ റിമാൻഡ് ചെയ്തു. ഇവർക്ക് തട്ടിക്കൊണ്ടുപോകലുമായി നിലവിൽ ബന്ധം ഇല്ലെന്നാണ് വിവരം.
കഴിഞ്ഞ ഏഴാംതീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അജ്ഞാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഒരു ദിവസത്തിനിപ്പുറവും ഷാഫിയെ കണ്ടെത്താനായിരുന്നില്ല.
പ്രവാസിയെ തട്ടിക്കൊണ്ടുപോയിട്ട് രണ്ട് ദിവസം, അന്വേഷണത്തിന് 5 സംഘം; പ്രതികളുടെ പൊടിപോലുമില്ല!
ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. പൂനൂർ സ്വദേശിയായ യുവാവിന്റയും ഷാഫിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായും പൊലീസ് കണ്ടെത്തിയിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിൽ സ്വർണക്കടത്ത് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.
