Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു; വടകരയിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അ‍ഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്

expatriate businessman abducted from Nadapuram released
Author
Vadakara, First Published Feb 15, 2021, 8:28 PM IST

കോഴിക്കോട്: നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരയ്ക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. ബന്ധുക്കളെത്തി അഹമ്മദിനെ വീട്ടിലേക്ക് കൊണ്ടുപോയി. തുണേരി മുടവന്തേരിയില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. കേസില്‍ ചോദ്യം ചെയ്യാനായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാദാപുരം ,കണ്ണൂര്‍ സ്വദേശികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അഹമ്മദിന്‍റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അ‍ഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ ആറ് മണിക്ക് മുന്‍പ് തന്നെ നാദാപുരം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്.  ആദ്യം കാണ്മാനില്ലെന്ന പരാതിയാണ് രജിസ്റ്റർ ചെയ്തത്.

അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം  വന്നതോടെയാണ് പൊലീസ് കേസ് ഗൗരവമായി പരിഗണിച്ചത്. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായ ശേഷമാണ് പൊലീസ് തട്ടിക്കൊണ്ട് പോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios