കെന്‍സ ഹോള്‍ഡിംഗ്‌സിന്റെ വയനാട്ടിലെ റിസോര്‍ട്ട് പദ്ധതിക്കെതിരെ നേരത്തെ തന്നെ നിരവധി നിക്ഷേപകര്‍ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതൽ പരാതികൾ ഉയരുന്നത്. 

വയനാട്: കെന്‍സ പദ്ധതിക്കെതിരെ (Kenza Project) പ്രവാസി ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) പരാതി നല്‍കി. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കെന്‍സ ഹോള്‍ഡിംഗ്‌സിന്റെ വയനാട്ടിലെ റിസോര്‍ട്ട് പദ്ധതിക്കെതിരെ നേരത്തെ തന്നെ നിരവധി നിക്ഷേപകര്‍ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതൽ പരാതികൾ ഉയരുന്നത്. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാൻ മുഹമ്മദ് ഷിഹാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനും പദ്ധതിയുടെ പേരിൽ ക്രിമിനില്‍ ഗൂഢാലോചന നടത്തിയതിനും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നിലവില്‍ എട്ടു നിക്ഷേപകരുടെ കേസാണ് സുല്‍ത്താൻ ബത്തേരി കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ മൂന്ന് കേസുകൾ കൂടി ഉടൻ ഫയൽ ചെയ്യുമെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിന്നുള്ള അഭിഭാഷകയുടെ പരാതിയില്‍ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി കെന്‍സയ്‌ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്. നിക്ഷേപകരുടെ പേരിൽ വ്യാജരേഖ ചമച്ചതിന് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളുണ്ട്. വയനാട് തരിയോടിലെ കെട്ടിട നിര്‍മ്മാണത്തിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും കെന്‍സയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. എന്നാൽ പരാതികളെല്ലാം കെട്ടിച്ചമച്ചതാണെന്നും കോടതിയിൽ സത്യം തെളിയുമെന്നും കെൻസ ഗ്രൂപ്പ് വ്യക്തമാക്കി.

  • കൊവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം ജേക്കബ് അടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കൊച്ചി: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് (Sabu M Jacob) എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കംആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം തലക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച് രണ്ട് ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേതുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേസമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുറന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടുപോയി. ട്വന്‍റി ട്വന്‍റി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടൊണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്. ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പൊസിറ്റീവായതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം കാക്കനാട് അത്താണിയിലെ പൊതുശ്മശനാത്തില്‍ മൃതദേഹം സംസ്ക്കരിച്ചു.