മുഴുവൻ തുകയും നൽകാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുൻ എംഎൽഎ വിപി സജീന്ദ്രൻ അറിയിച്ചു

എറണാകുളം: എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം. ബാങ്കിൽ പലിശയടക്കമുള്ള മുഴുവൻ തുകയും നൽകാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുൻ എംഎൽഎ വിപി സജീന്ദ്രൻ അറിയിച്ചു. രാവിലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് സജീന്ദ്രൻ ഇടപെട്ടത്.

വീട് ജപ്തി ചെയ്തതോടെ കൈക്കുഞ്ഞുമായി പെരുവഴിയിലാകുകയായിരുന്നു സ്വാതിയും കുടുംബവും. 2019ൽ സ്വാതി മണപ്പുറം ഫിനാൻസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗർഭിണിയായതോടെ തിരിച്ചടവ് മുടങ്ങി. ഗഡുക്കളായി അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും തുക ഒന്നിച്ചടക്കണമെന്ന് ബാങ്ക് നിലപാടെടുക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു. പലിശ ഉൾപ്പടെ അഞ്ച് ലക്ഷം രൂപ ഒറ്റ തവണയായി അടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറഞ്ഞു. ‌കുന്നത്തുനാട് എംഎൽഎ സ്ഥലത്തെത്തി ബാങ്കുമായി സംസാരിച്ച് രാത്രി വൈകി വീട് തുറന്നുനല്‍കിയിരുന്നെങ്കിലും വീടിനുള്ളിലേക്ക് കയറിയാൽ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കും എന്നായിരുന്നു ബാങ്കിൻ്റെ ഭീഷണി.