ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർമാരെയും സമിതിയിൽ ഉൾപ്പെടുത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടി ക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഐഐടി, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും പ്രത്യേക സമിതി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ പിഡബ്ല്യുഡി മാന്വലില്‍ നിഷ്കര്‍ഷിച്ച കാര്യങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്രവൃത്തിയിടങ്ങളില്‍ കൂടുതലായി എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കണമെന്ന കാര്യങ്ങളും പരിശോധിക്കണം. സമിതി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പാലം നിര്‍മ്മാണ പ്രവൃത്തികളില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൂടി കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ മന്ത്രി നിർദേശിച്ചത്. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

YouTube video player