പൊലീസ് ഡോക്ടർ സുധീറിനെതിരെ കേസെടുത്തു. എന്നാൽ ഹോസ്പിറ്റലിലെ ഒരു ജീവനക്കാരിക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ് ഡോക്ടർ സുധീർ. 

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് (Expired Vaccine) കുത്തിവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു (Police Case). ആശ്രയ ഹോസ്പിറ്റലിലെ ഡോ സുധീറിനെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. നിലവിൽ കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.

YouTube video player

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശ്രയ ഹോസ്‍പിറ്റലിൽ നിന്ന് അതുല്യ രണ്ട് മാസം പ്രായമായ മകൾക്ക് കുത്തിവെപ്പ് എടുക്കുന്നത്. നാലായിരം രൂപയുടെ അ‍ഞ്ച് കുത്തിവെപ്പുകൾ ഒരുമിച്ചെടുത്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ കടലാസുകൾ പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവെച്ചതെന്ന് മനസ്സിലായത്.

പരാതിയുമായി ആശുപത്രിയിലെത്തിയെങ്കിലും ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് കാര്യമാക്കാതെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കുടുംബം മട്ടന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ഡോക്ടർ സുധീറിനെതിരെ കേസെടുത്തു. എന്നാൽ ഹോസ്പിറ്റലിലെ ഒരു ജീവനക്കാരിക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ് ഡോക്ടർ സുധീർ. 

അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ഡ്രഗ് കൺട്രോൾ ഓഫീസർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. കാലാവധി കഴിഞ്ഞ ഒൻപത് ഇനം മരുന്നുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. കമ്പനിക്ക് തിരിച്ചുനൽകാനായി എടുത്തുവച്ച മരുന്നുകളെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.