മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി ഇന്ന് രാവിലെ 11.30ന് യോഗം ചേരും
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽ സ്ഫോടനം നടത്തുന്നതിനുള്ള സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. ഹോളി ഫെയ്ത് ഫ്ലാറ്റിൽ ഉപയോഗിക്കാനുള്ള സ്‌ഫോടക വസ്തുക്കൾ ആണ് എത്തിച്ചത്. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയിൽ നിന്നും സ്ഫോടക വസ്തുക്കള്‍ പൊലീസ് സുരക്ഷയിലാണ് എത്തിച്ചത്. ആറാം തീയതി ഇവ ഫ്ലാറ്റുകളിലേക്ക് എത്തിക്കും. മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി ഇന്ന് രാവിലെ 11.30ന് യോഗം ചേരും. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്‍റെ അധ്യക്ഷതയിൽ മരട് നഗരസഭയിലാണ് യോഗം ചേരുക.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം രണ്ടാമത് പൊളിക്കുന്നതിനെക്കുറിച്ച് ടെക്നിക്കൽ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിൽ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ആൽഫ സെറീൻ ,ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകൾ ഈ മാസം പതിനൊന്നിനും ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പന്ത്രണ്ടിനും പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.