വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു.
ചേർത്തല: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ (34) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മൂന്ന് പെട്രോൾ ബോംബുകൾ, ഒരു നാടൻബോംബ്, 20 ഗുണ്ടുകൾ, ബോംബ് നിർമിക്കാനായി കരുതിവച്ചിരുന്ന പെട്രോൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിർദേശപ്രകാരം ചേർത്തല പൊലീസ് ഇൻസ്പെക്ടർ മഞ്ജു ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചത്. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി സജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്, ഉത്തമൻ, ബിജുമോൻ, സിപിഒമാരായ അഞ്ജിത, ശ്യാം ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്ത് ലക്ഷ്യത്തോടെയാണ് ഇയാൾ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
















