തകരാർ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം.
തിരുവനന്തപുരം : തകരാറിനെ തുടർന്ന് 22 ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി യുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. തകരാർ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം. അതിന് കഴിഞ്ഞില്ലെങ്കിൽ ചരക്കു വിമാനത്തിൽ കൊണ്ടുപോകുന്നതടക്കം ആലോചിക്കും. 4 മണി വരെയാണ് എയർബസ് 400 ന് ഇന്ത്യയിൽ തുടരാൻ അനുമതി നൽകിയിരിക്കുന്നത്. വിമാനം ഇന്ന് 4 മണിക്കുള്ളിൽ തിരികെ പോകും. എൻജിനീയർമാർ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. സംഘം എമിഗ്രേഷന് ശേഷം ഹോട്ടലിലേക്ക് മാറി. സംഘത്തിൻ്റെ എയർപോർട്ട് പാസ് അനുവദിക്കുന്ന മുറയ്ക്ക് വിശ്രമത്തിന് ശേഷം മടങ്ങിയെത്തും. എഫ്-35 നെ എയർ ഇന്ത്യയുടെ ആങ്കർ യൂണിറ്റിലേക്ക് മാറ്റും.
സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിമാനത്തിന്‍റെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാൻഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.



