കൊച്ചി: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കൊച്ചിയിൽ പൊലീസ് കർശന നടപടി തുടങ്ങി. ആലുവ റൂറലില്‍‍ 30 പേര്‍ക്കെതിരെ കേസെടുത്തു. അവശ്യ സേവനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരടക്കം മാസ്ക് നിർബന്ധമായും ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശം.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ മാസ്ക് അടക്കമുള്ള മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജോലിസ്ഥലങ്ങളിൽ തൊഴിലാളികളും നിർബന്ധമായും മാസ്ക് ധരിക്കണം. എന്നാല്‍ ഇളവിൻറെ മറവിൽ പുറത്തിറങ്ങിയവരിൽ പലരും മാസ്ക് ധരിക്കുന്നില്ല. ഇതേത്തുടർന്നാണ് പൊലീസിൻറെ നടപടി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ എപിഡമിക് ഓര്‍ഡിനൻസ് പ്രകാരവും ഐപിസി 158 വകുപ്പ് പ്രകാരവുമാണ് കേസെടുക്കുന്നത്.

Read more: വൈറസ് വണ്ടി കയറി വരില്ല; കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തിന്‍റെ അണുനാശന ഇടനാഴി!

ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താൻ പരിശോധന തുടങ്ങി. ആദ്യ ഘട്ടത്തിൽ മരട് മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ഏഴ് പേരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിൽ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച രണ്ട് ‍ഡിവിഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ചുള്ളിക്കൽ, കതൃക്കടവ് എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകൾ. ഇവിടെ ഇടറോഡുകളടക്കം അടച്ചുപൂട്ടി. 

Read more: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് മരണം രണ്ടായി; മരിച്ച മറ്റൊരാൾക്ക് കൂടി രോഗബാധയെന്ന് സംശയം