Asianet News MalayalamAsianet News Malayalam

​ഗവ‍ർണ‍ർ സ്ഥാനത്ത് ഒരു വ‍ർഷം, കേരളത്തിലേക്കുള്ള മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി ശ്രീധരൻ പിള്ള

 കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.

Facebook post of ps sreedharan pillai
Author
Thiruvananthapuram, First Published Oct 26, 2020, 12:57 PM IST

കോഴിക്കോട്: മിസോറാം ഗവർണർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി പിഎസ് ശ്രീധരൻ പിള്ള. ഗവർണർ നിയമന ഉത്തരവ് വന്നിട്ട് ഒരു വർഷമായെന്നും ദൈവവും ജനങ്ങളും ഇതുവരെ തന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നതായും എല്ലാവർക്കും നന്ദി പറയുന്നതായും ശ്രീധരൻ പിള്ള ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഗവർണർ പദവിയിൽ ഒരു വർഷം തികയ്ക്കുമ്പോൾ ഇട്ട പോസ്റ്റിൽ കൂടുതലായും പിള്ള വാചാലാനായത് തൻ്റെ അഭിഭാഷക ജീവതത്തെക്കുറിച്ച് ഓർത്താണ്. 

ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വരികൾ വക്കീൽ ജീവിതത്തിലേക്കും കേരള രാഷ്ട്രീയത്തിലേക്കുമുള്ള ശ്രീധരൻ പിള്ളയുടെ മടങ്ങിവരവിൻ്റെ സൂചനയാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും ചർച്ചകളും ഇതിനോടകം സൈബർ ലോകത്ത് ആരംഭിച്ചിട്ടുണ്ട്. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ച കുമ്മനം രാജശേഖരൻ്റെ ചരിത്രവും പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് അനുബന്ധമായി ഉന്നയിക്കപ്പെടുന്നുണ്ട്. 
 
പിഎസ് ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് -

വർഷമൊന്നു പൂർത്തിയായി:

ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിൻ്റെ പ്രയാണത്തിൽ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതൻ ആത്മാർത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയിൽ എല്ലാവർക്കും നന്ദി ! ആരോടുമില്ല പരിഭവം ! 

അന്ന് നിയമനം വാർത്തയായപ്പോൾ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാർട്ടിയും എതിർപ്പോടെ എഴുതി " Mizoram , now is a dumping place for Hindu fundamentalists". കഴിഞ്ഞ ഓഗസ്റ്റിൽ എൻ്റെ മൂന്നു പുസ്തകങ്ങൾ ഐസ്വാളിൽ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടി അദ്ധ്യക്ഷനും, ഒപ്പം പ്രാദേശിക പാർട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവർണ്ണറെ ചിത്രീകരിച്ചത് വാർത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എൻ്റെ പ്രതികരണം. മിസ്സോറാമിനു സ്നേഹം നൽകാനും അവരിൽ നിന്നു സ്നേഹം കിട്ടാനുമായതിൽ ചാരിതാർത്ഥ്യം...

കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണർത്തിയത് രണ്ടു ഫോൺ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എൻ്റെ മകൻ അഡ്വ: അർജ്ജുൻ്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സീനിയർ പ്രോസിക്യൂട്ടർമാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവർ പറഞ്ഞു. 

ഞാൻ പാലക്കാട്ട് പ്രതികൾക്കു വേണ്ടി ട്രയൽ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിൻ്റെ അപ്പീലിനായി ഫയൽ പഠിച്ചപ്പോഴും, വാദം നടത്തിയപ്പോഴും അവർക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാൻ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീൽ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവർ മറന്നില്ല. 

എന്നാൽ കേസ്സിൻ്റെ വിധി വന്നപ്പോൾ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു. മിസ്സോറാമിലെ കൊടും തണുപ്പിലും എൻ്റെ മനസ്സിന് ചൂടും ചൂരും പകർന്നു കിട്ടിയ ഫോൺകോൾ! പ്രശസ്ത സീനിയർ ക്രിമിനൽ അഭിഭാഷകൻ ബി രാമൻപിള്ള സാറായിരുന്നു മറുതലയ്ക്കൽ.

"വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം, എന്നാൽ അസ്സലായി ട്രയൽ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് " സാർ പറഞ്ഞപ്പോൾ എൻ്റെ സന്തോഷം ആകാശത്തോളമുയർന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടർച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോൾ അവസാനഘട്ടത്തിൽ നൽകിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോർത്തുപോയി !

ഗവർണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിൻ്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നൽ മനസ്സിൻ്റെ കോണിലെവിടെയോ അങ്കുരിച്ചുവോ? കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവർക്കും നന്ദി - നമസ്കാരം

വർഷമൊന്നു പൂർത്തിയായി: ............................. ഗവർണ്ണർ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിൻ്റെ...

Posted by PS Sreedharan Pillai on Sunday, 25 October 2020
Follow Us:
Download App:
  • android
  • ios