ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. 

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 7 നാണ് കൊടുങ്ങല്ലൂർ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ഏറ്റെടുത്തത്. മുൻകൂർ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെയാണ് ഇയാള്‍ ഒളിവിൽ പോയത്. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ വ്യാജ എൽ എസ് ഡി സ്റ്റാമ്പുകൾ എന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്. 

സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു.എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്