മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു. എന്നാല്‍, പതിനാല് വയസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കഥ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആൾക്കൂട്ട ആക്രമണത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. 

കാർ യാത്രക്കാരായ രണ്ട് പേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പരാതിപ്പെട്ടിരുന്നു. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു വച്ച് യാത്രക്കാരായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ ആക്രമിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പൊലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെ സംഭവം വ്യാജമാണെന്ന് മനസിലായി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് കുട്ടി നുണക്കഥ ചമച്ചത്. 

കാർ യാത്രക്കാരെ ആക്രമിച്ച സംഭവത്തിലാണ് പൊലീസ് നടപടി. ആക്രമണത്തിന് ഇരയായ ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഇന്നലെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആറ് മുഖ്യപ്രതികളുൾപ്പടെ കണ്ടാലറിയാവുന്ന നാൽപ്പതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.