കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും (Fake currency notes) നോട്ട് നിര്‍മ്മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വിതുരയില്‍ നിന്നും നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇന്ന് പിടിയിലാവരുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
തിരുവനന്തപുരം വിതുരയിൽ കഴിഞ്ഞ ദിവസം 40,500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
കേരളത്തിൽ വിവിധ ഇടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് ചാത്തന്നൂർ പൊലീസ് പറയുന്നത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടിൽ സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്.
മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളിൽ അഞ്ഞൂറിന്റെ നോട്ടുകൾ മാറുമ്പോഴായിരുന്നു സുനിയുടെ അറസ്റ്റ്. ആദ്യം മീനാട് പാലത്തിനു സമീപം ഒരു കടയിൽ സ്കൂട്ടറിലെത്തിയ സുനി, ഒരു കവർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നൽകി. ബാക്കിയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി. ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു സുനി.
പൊലീസും നാട്ടുകാരും എത്തുന്നത് കണ്ട സുനി നോട്ടുകൾ വലിച്ചെറിഞ്ഞ രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിടിയിലാവുകയായിരുന്നു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് സുനിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ളത്. പ്രത്യേക പേപ്പറിൽ നോട്ടിന്റെ ഓരോ വശങ്ങളും പ്രത്യേകം പ്രത്യേകം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഇരു വശങ്ങളും ഒട്ടിച്ചെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്നും പൊലീസ് മനസിലാക്കിയിട്ടുണ്ട്.
