കൊച്ചി: ഓൺലൈൻ ഡേറ്റിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ പ്രൊഫൈലുകളുടെ പേരിൽ ജീവിതം താറുമാറായ നിരവധി സ്ത്രീകളുണ്ട് കേരളത്തിൽ. കൊച്ചിയിലെ വീട്ടമ്മയായ സിൻസി ഇവരിൽ ഒരാൾമാത്രം.  ഫോട്ടോ മോർഫ് ചെയത് അശ്ലീല സൈറ്റുകളിൽ  പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ സിൻസിയ്ക്ക്   നാടും  വീടുമെല്ലാം വിട്ട് മറ്റൊരിടതേതേക്ക് അഭയം തേടേണ്ടിവന്നു.

തന്‍റെ ഫോട്ടോ വന്നതിനെക്കുറിച്ചും, പ്രായമായവർപോലും അത് വിശ്വസിച്ച് സംശയിച്ചതിനെക്കുറിച്ചും പറയുകയാണ് സിൻസി. നാല് വർഷം മുൻപ് ലഭിച്ച ഒരു സന്ദേശത്തിന് പിന്നാലെയാണ് സിൻസിയുടെ ജീവിതം തകിടം മറയുന്നത്. 

റാണി എന്ന വ്യാജ ഐഡിയിൽ നിന്ന് സോഷ്യൽ മീഡിയിൽ തന്‍റെ അശ്ലീല  ചിത്രം പരക്കുന്നുവെന്നായിരുന്നു ആ സേന്ദശം. ആദ്യം ഫേസ്ബുക്കിലാണെങ്കിൽ പിന്നീട് ഒട്ടുമിക്ക അശ്ലീല സൈറ്റുകളിലും ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലുമെല്ലാം സിൻസിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കപ്പെട്ടു. ഒപ്പം സിൻസിയോട് സാമ്യം തോന്നുന്നവരുടെ അശ്ളീലവീഡിയോകളും.
 
സോഷ്യൽ മീഡിയയിൽ ഫോട്ടോ പരന്നതോടെ സിൻസി അനുഭവിക്കണ്ടിവന്നത് കടുത്ത മാനസിക പീഡനമായിരുന്നു.   മക്കളെ സ്കൂളിൽ വിട്ടില്ല, ആറ് മാസം ഗർഭിണി ആയിരുന്ന താൻ അബോർഷനായി, ആത്മഹത്യ ചെയ്യുമെന്ന ഭയത്തിൽ ഭർത്താവ് ജോലിക്ക് പോകാൻ തയ്യാറായില്ല. പിന്നീട് നാട് തന്നെ വിടേണ്ടിവന്നുവെന്നും സിൻസി പറയുന്നു.

ഒടുവിൽ പിന്തിരിയാൻ ഇല്ലെന്ന തീരുമാനത്തോടെ പ്രതിയെ അന്വഷിച്ച് പോലീസിനെ സമീപിച്ചു. പൊലീസ് നിരുത്സാഹപ്പെടുത്തി. നിയമത്തിലെ അജ്ഞതയുമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യ ഭീഷണിമുഴക്കിയപ്പോൾ കേസെടുക്കാൻ പറവൂർ എസ്ഐ തയ്യാറായി.

കൊച്ചി സ്വദേശിയായ യുവാവിന്  സിൻസിയോടും കുടുംബത്തോടുമുള്ള പൂർവ്വ വൈരാഗ്യമായിരുന്നു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് അപമാനിക്കാനുണ്ടായ കാരണം. നീണ്ട നിയമപോരാട്ടത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യിക്കാൻ സിൻസിക്കായി. 

സമാന അനുഭവം നിരവധി പെൺകുട്ടികൾ ഉണ്ടായിട്ടുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. എന്നാൽ അമ്പത് ശതമാനം മാത്രമാണ് പരാതിയുമായി രംഗത്ത് വരുന്നത്.  എന്തുകൊണ്ട് പരാതി ഉണ്ടാകില്ലെന്നതിനുള്ള കാരണവും തന്റെ അനുഭവത്തിൽ സിൻസി പറയുന്നു.