കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പ്രതി മരിച്ച സംഭവത്തില്‍ ആരോപണവുമായി മരിച്ചയാളുടെ കുടുംബം. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) എന്നയാള്‍ ഇന്ന് രാവിലെയാണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങി മരിച്ചത്. വ്യാജമായ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ബീരാന്‍ കോയക്ക് എതിരെ പൊലീസ് കേസെടുത്തതെന്ന് കുടുംബം ആരോപിച്ചു. വ്യാജ പരാതിയെന്ന് ആരോപിച്ച് ബന്ധുക്കൾ കളക്ടർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഏഴുപേര്‍ താമസിക്കുന്ന സെല്ലിൽ പ്രതി എങ്ങനെ തൂങ്ങി മരിച്ചെന്നും കുടുംബം ചോദിക്കുന്നു. ഇന്ന് പുലർച്ചെയാണ് ബീരാൻ കോയ ജയിലിൽ തൂങ്ങി മരിച്ചത്. 

പന്തീരാങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഞായറഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്ന് ജയലധിതൃര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.