പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് മാസം സസ്പെൻഡ് ചെയ്ത സർക്കാർ വിഷ്ണുവിന്‍റെ കുടുംബത്തിനോ ഗുരുതര പരിക്കേറ്റ ആദർശിനോ ഒരു നഷ്ടപരിഹാരവും നൽകാൻ തയ്യാറായില്ല. കരാറുകാരനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രവും വൈകുകയാണ്.
തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരുന്ന പാലത്തിലിടിച്ച് മരിച്ച വിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഇനിയും അകലെ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മൂന്ന് മാസം സസ്പെൻഡ് ചെയ്ത സർക്കാർ വിഷ്ണുവിന്‍റെ കുടുംബത്തിനോ ഗുരുതര പരിക്കേറ്റ ആദർശിനോ ഒരു നഷ്ടപരിഹാരവും നൽകാൻ തയ്യാറായില്ല. കരാറുകാരനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രവും വൈകുകയാണ്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മ്മാണമാണ് യുവാവിന്‍റെ ജീവനെടുത്തത്. അപകടമുണ്ടാക്കിയ പാലം പണി പൂര്‍ത്തിയായെങ്കിലും പണിതീരാത്ത പാലത്തില്‍ നിന്ന് വീണുമരിച്ച യുവാവിന്റെ കുടുംബത്തിന്‍റെ കണ്ണുനീര്‍ തോരുന്നില്ല. ജൂൺ 5 രാത്രി ബൈക്കിൽ എത്തിയ വിഷ്ണുവും സുഹൃത്ത് ആദർശും നിർമ്മാണം തുടരുകയായിരുന്ന അന്ധകാരനഴി പാലത്തിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു. റോഡിൽ ഒരു ടാർ വീപ്പയോ ബോർഡോ ഇല്ലാത്തതിനാൽ ഈ നാട്ടുകാരല്ലാത്ത യുവാക്കൾ പാലം പണി നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. എട്ട് മാസങ്ങൾക്കിപ്പുറം ഏരൂരിലെ വീട്ടിൽ വിഷ്ണുവിന്‍റെ അച്ഛനും അമ്മയും മകന്‍റെ ഓർമയിൽ പിടയുകയാണ്. അവൻ വരച്ചിട്ട നിറങ്ങളുടെ ലോകം മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ ബാക്കിയുള്ളത്.
28 വയസ്സായിരുന്നു അപകടത്തില്‍ മരിക്കുമ്പോള്‍ വിഷ്ണുവിന്റെ പ്രായം. ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു വിഷ്ണു. കാഴ്ചമങ്ങി തുടങ്ങിയ മാധവനും പല രോഗങ്ങൾ അലട്ടുന്ന തിലോത്തമയും മകൻ പോയതോടെ ആരുമില്ലാത്ത അവസ്ഥയായി. വിഷ്ണുവിനൊപ്പം അപകടത്തിൽപ്പെട്ട ആദർശിന് അഞ്ച് മാസം കിടക്കയിൽ നിന്ന് ഒന്നൊനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. നട്ടെല്ലിനും കാലിനും ഏറ്റ ഗുരുതര പരിക്കിൽ നിന്ന് ജീവിതത്തിലേക്ക് നടന്ന് തുടങ്ങുന്നതേ ഉള്ളൂ ഈ ഇരുപത്തിമൂന്നുകാരൻ. മകന്‍റെ ചികിത്സയും പരിചരണവും ഈ കുടുംബത്തെയും എട്ട് മാസക്കാലം നിശ്ചലമാക്കി.
സംഭവം ചർച്ചയായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് സസ്പെൻഡ് ചെയ്ത നാല് ഉദ്യോഗസ്ഥരും മൂന്ന് മാസത്തിനകം സർവ്വീസിൽ തിരിച്ചെത്തി. കരാറുകാരനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി പൊലീസെടുത്ത കേസിലും കുറ്റപത്രവുമായിട്ടില്ല. ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ ഇവരുടെ വീഴ്ച തെളിയിക്കുന്ന രേഖകളടക്കം ശേഖരിക്കുന്നതിലാണ് കാലതാമസമെന്ന് തൃപ്പൂണിത്തുറ പൊലീസ്. ഒരു ജീവനും ജീവിതവും തകർത്ത അനാസ്ഥക്കെതിരെ ഈ കുടുംബങ്ങൾ എത്ര നാൾ ഇനിയും നിയമവഴി താണ്ടണമെന്നതാണ് ചോദ്യം.

കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും മരണക്കുഴി ഒരുക്കുകയാണ് കൊച്ചിയിലെ റോഡുകളും കാനകളും. സർക്കാർ വകുപ്പുകൾ അനാസ്ഥയിൽ കൈകഴുകുമ്പോൾ നിരത്തിൽ പൊലിയുന്ന ജീവനുകൾക്ക് ആരാണ് ഉത്തരവാദി?
