തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തില്‍ തുടര്‍ ചികിത്സക്കായി പണമില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം പ്രതിസന്ധിയില്‍.
കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തില്‍ തുടര്‍ ചികിത്സക്കായി പണമില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം പ്രതിസന്ധിയില്‍. അപകടത്തെ തുടര്‍ന്ന് ഇതുവരെ മാത്രം ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു കഴിഞ്ഞു. എന്നാല്‍ നിര്‍ണായകമായ തുടര്‍ ശസ്ത്രക്രിയകള്‍ക്കായി ഇനിയും നാലര ലക്ഷത്തോളം രൂപയാണ് വേണ്ടത്. പണമില്ലാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം.
ഈ മാസം 8-ാം തീയതി സ്‌കൂളിലേക്ക് പോകുന്നതിനിടയില്‍ തിരുവമ്പാടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി എത്തിയ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് കുട്ടിയെ ഇടിച്ചിടുകയും വീണുപോയ പെണ്‍കുട്ടിയുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങുകയുമായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ആശ്വാസനടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.







