പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ

ദില്ലി: പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ. 26 ന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ സംയുക്ത കിസാൻ മോർച്ചയും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലും, ദില്ലിയിൽ ജന്തർ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. നാല് ലേബർ കോഡുകളും പിൻവലിക്കണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു. ജം​ഗിൾ രാജ് സ്ഥാപിക്കാനും, തൊഴിലാളികളുടെ അവശേഷിക്കുന്ന അവകാശങ്ങളുടെ മേലും ബുൾഡോസർ കയറ്റുന്ന നടപടിയാണിതെന്നും പിബി പ്രസ്താവനയിൽ വിമർശിച്ചു. അതിനിടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുന്നയിച്ച യൂണിയനുകളോട് ചർച്ച നടത്താനും നിർദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാകുമെന്നാണ് വിവരം.

26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് കേന്ദ്രസർക്കാർ പുതിയ തൊഴില്‍ നിയമം പ്രബല്യത്തില്‍ കൊണ്ടുവന്നത്. കേന്ദ്ര സർക്കാരിന്‍റെ നാല് ലേബർ കോഡുകൾക്കെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കം പത്ത് തൊഴിലാളികൾ സംയുക്തമായാണ് ഈമാസം 26 ന് ബുധനാഴ്ചയാണ് രാജ്യത്തെ എല്ലാ തൊഴിലാളികളോടും പരസ്യമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷക സമരത്തിന് നേതൃത്ത്വം നൽകിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയു പ്രതിഷേധത്തിന്‍റെ ഭാഗമാകും. ആകെ തൊഴിലാളികളുടെ പത്ത് ശതമാനമോ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന് പ്രവർത്തനം അനുവദിക്കൂ എന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളെയും സംഘടനകൾ എതിർക്കുന്നുണ്ട്.

സംഘടനകൾ കടുത്ത വിമർശനം തുടരുമ്പോഴും അത് അവ​ഗണിക്കുകയാണ് കേന്ദ്രസർക്കാർ. പുതിയ പരിഷ്കാരത്തെ ചരിത്രപരമെന്നാണ് കേന്ദ്ര തൊഴിൽമന്ത്രിയും വിശേഷിപ്പിച്ചത്. നിയമന ഉത്തരവ്, ന്യായമായ വേതനം, വനിതകൾക്ക് തുല്യ വേതനം, സാമൂഹിക സുരക്ഷ, ​ഒരുവർഷം പൂർത്തിയാക്കിയവർക്ക് ​ഗ്രാറ്റുവിറ്റി, പ്രായമായവർക്ക് വാർഷിക ശാരീരിക പരിശോധന, അധിക തൊഴിൽ സമയത്തിന് ഇരട്ടി വേതനം, ആരോ​ഗ്യസുരക്ഷ മുതലായവ പരിഷ്കാരത്തിലൂടെ തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

YouTube video player