തിരുവനന്തപുരം: അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തും അടിച്ചമർത്തിക്കളയാം എന്ന രീതിക്കേറ്റ തിരിച്ചടിയാണ് കർഷകരുടെ പ്രതിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ല. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്ന് കരുതുന്നവര്‍ സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്വയംപര്യാപ്തത സംബന്ധിച്ച യാഥാര്ത്ഥ്യങ്ങൾ ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു ഭക്ഷ്യക്ഷാമം ഉണ്ടായാൽ ഏറ്റവും ആദ്യം അത് ബാധിക്കുന്നത് കേരളത്തെ ആയിരിക്കുമെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു. 

കുതന്ത്രങ്ങളുപയോഗിച്ച് പ്രക്ഷോഭത്തെ തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി വൻ വിവാദമായിട്ടും അതെ കുറിച്ച്   പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം . മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതാക്കളും എല്ലാം പാളയത്തെ പ്രതിഷേധ വേദിയിൽ എത്തി.

തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തിൽ കർഷക പ്രക്ഷോഭത്തിൽ അതേ രീതിയിൽ പങ്കാളിയാവാൻ കേരളത്തിന് ആവില്ലായിരുന്നുഎന്നാൽ ആ സമയം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു