ക‌ർഷകസമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലായിരുന്നുകിസാൻമോർച്ചയുടെ രാജ്ഭവൻ മാർച്ച്. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർ മാറുകയെന്നതായിരുന്നു മാർച്ചിന്റെ ഉദ്ദേശം.

ദില്ലി: കാർഷിക നിയമങ്ങകൾക്കെതിരെ നടന്ന കർഷകസംഘടനകളുടെ രാജ്ഭവൻ മാർച്ചിൽ പലയിടത്തും സംഘർഷം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്ക് കർഷകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കർണാടകത്തിലും, ദില്ലിയിലും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ക‌ർഷകസമരം ഏഴ് മാസം പിന്നിട്ട സാഹചര്യത്തിലായിരുന്നുകിസാൻമോർച്ചയുടെ രാജ്ഭവൻ മാർച്ച്. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ഗവർണർ മാറുകയെന്നതായിരുന്നു മാർച്ചിന്റെ ഉദ്ദേശം.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ രാജ്ഭവനുള്ള ചണ്ഡിഗഡിലേക്ക് ഇരുസംസ്ഥാനങ്ങളിലെയും കർഷകർ നടത്തിയത് വൻറാലിയാണ്. പഞ്ച്കുലയിൽ നിന്ന് ഹരിയാനയിലെ കർഷകർ നടത്തിയ മാർച്ച് ചണ്ഡിഗണ്ഡ് അതി‍ർത്തിയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളി നീക്കി കർഷകർ മുന്നോട്ട് നീങ്ങിയതോടെ സംഘർഷം ഉണ്ടായി. ഗവർണർക്കുള്ള നിവേദനം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൈമാറാമെന്ന ഉറപ്പിലാണ് കർഷകർ മാർച്ച് അവസാനിപ്പിച്ചത്. 

മൊഹാലിയിൽ നിന്നായിരുന്നു പഞ്ചാബിലെ കർഷകരുടെ രാജ്ഭവനിലേക്ക് മാർച്ച് . ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ഒടുവി‍ൽ ഗവർ‍ണറെ കണ്ട് നിവേദനം നൽകാൻ നേതാക്കൾക്ക് അനുമതി ലഭിച്ചു. 

ക‍ർണാടകത്തിലും ദില്ലിയിലും സമരം ചെയ്ത കർഷകനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര, ബീഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ് ,യുപി, അടക്കമുള്ള സംസ്ഥാനങ്ങളിലും സമരം നടന്നു. അതെസമയം കാ‌ർഷികനിയമങ്ങളിൽ ഭേദതഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന നിലപാട് കേന്ദ്രകൃഷി മന്ത്രി ആവർത്തിച്ചു.