ദില്ലി: സര്‍ക്കാരുമായുള്ള ചര്‍ച്ച നടക്കാനിരിക്കെ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകൾ. കാര്‍ഷിക നിയമങ്ങൾക്കൊപ്പം വൈദ്യുതി നിയന്ത്രണ നിയമവും പിൻവലിക്കണമെന്ന് കര്‍ഷക സംഘടനകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദില്ലിയിൽ കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കാനായി കർഷക നേതാക്കൾ എത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവർ പറഞ്ഞു. 

നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ളിക് ദിനത്തിൽ ഒരു ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യും. അതിനുള്ള ഒരുക്കങ്ങൾ ഗ്രാമങ്ങളിൽ തുടരുകയാണെന്ന് കർഷകർ വ്യക്തമാക്കി. അതേസമയം കര്‍ഷകരെ മാവോയിസ്റ്റെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. ആര്, എന്തുപറഞ്ഞുവെന്ന് അറിയില്ല. കര്‍ഷരോട് എന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്. അതിനാൽ ഇന്നത്തെ ചര്‍ച്ച സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം വൈദ്യുതി നിയന്ത്രണ ബില്ലും പിൻവലിക്കണമെന്നാണ് ഇപ്പോൾ കര്‍ഷക സംഘടനകൾ മുന്നോട്ടുവെക്കുന്ന ആവശ്യം.  നാല് ആവശ്യങ്ങളിൽ ചര്‍ച്ച നടക്കുമ്പോൾ ചില വിട്ടുവീഴ്ചകൾക്ക് സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന സൂചനയുണ്ട്. കര്‍ഷക സമരത്തിനെതിരെയുള്ള വിമര്‍ശനങ്ങൾ മയപ്പെടുത്താനും ഇപ്പോൾ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നത്തെ ചര്‍ച്ചയിൽ പങ്കെടുക്കുക. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്. ചര്‍ച്ചക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തി.