പൊലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നത്. എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഫര്‍സീന്‍ മജീദ് ചോദിക്കുന്നത്.

തിരുവനന്തപുരം: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി യൂത്ത് കോൺഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഫര്‍സീന്‍റെ മറുപടി. പൊലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. അഭിഭാഷകൻ മുഖേനയാണ് ഫർസീൻ ഡിഐജിയ്ക്ക് മറുപടി നൽകിയത്.

മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു.

എന്നാല്‍ ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017 ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്. അതേസമയം ഫർസീൻ മജീദിനെ നല്ല നടപ്പിന് ശുപാർശ ചെയ്യുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ കൂത്തുപറമ്പ് എസിപിക്ക് റിപ്പോർട്ട് നൽകി. രണ്ട് വർഷത്തേക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. CRPC 107 പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിലേക്ക് പൊലീസ് ഉടൻ റിപ്പോർട്ട് നൽകും.