കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ പാഴ്വസ്തുക്കൾ കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അച്ഛനും മകനും പരിക്കേറ്റു. കിഴൂർ സ്വദേശിയായ നാരായണൻ മകൻ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. നാരായണനും മകൻ ബിജുവും ചേർന്ന് വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ്വസ്തുക്കൾ ടാർ വീപ്പയിൽ നിറച്ചു. ഇതിന് തീ കൊടുത്ത് അൽപ്പസമയം കഴിഞ്ഞപ്പോൾ വീപ്പ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് നിൽക്കുകയായിരുന്ന ഇരുവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പയ്യോളി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സ്ഫോടനകാരണം കണ്ടെത്താനായില്ല. വീപ്പയിൽ നിറച്ച സാധനങ്ങളിൽ കരിമരുന്നും ഉൾപ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം. കരിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഇരുവർക്കും എതിരെ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.