കോട്ടയം: ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ മരിച്ച അഞ്ജുവിന്‍റെ അച്ഛന്‍ ഷാജി. കുട്ടിയെ കാണാതായ വിവരം തങ്ങളെ കോളേജ് അധികൃതര്‍ അറിയിച്ചില്ല. പ്രിന്‍സിപ്പലിന്‍റെ അടുത്ത് ചെന്ന തങ്ങളോട് മകള്‍ ഏതെങ്കിലും ആണ്‍പിള്ളേരുടെ പിറകെ പോയോയെന്ന് അന്വേഷിക്കാനാണ് പറഞ്ഞതെന്നും ഷാജി പറഞ്ഞു. 

അഞ്ജു ജീവനൊടുക്കാന്‍ കാരണം കോളേജ് അധികൃതരുടെ മാനസിക പീഡനമാണെന്ന വാദത്തില്‍ തന്നെയാണ് കുടുംബം ഉറച്ച് നില്‍ക്കുന്നത്.  മകള്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. കോപ്പി അടിച്ചെന്ന വാദം തെറ്റാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നും കുടുംബം വാദിക്കുന്നു. 

എന്നാല്‍ അഞ്ജു കോപ്പിയടിച്ചെന്ന് തന്നെയാണ് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ വാദിക്കുന്നത്. അഞ്ജുവിന്‍റെ പരീക്ഷയുടെ ഹാൾ ടിക്കറ്റിന് പിറകിൽ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതി വച്ചിരുന്നു. ക്ലാസിൽ ഇൻവിജിലേറ്ററായ അധ്യാപകൻ ഇതു കണ്ടെത്തി തുടർന്ന് കോളേജ് പ്രിൻസിപ്പളായ അച്ചൻ പരീക്ഷാഹാളിലേക്ക് എത്തി. 

ഇങ്ങനെയൊരു അവസ്ഥയിൽ പരീക്ഷ എഴുതാനാവില്ലെന്നും എന്നാൽ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് ഒരു മണിക്കൂർ കഴിഞ്ഞ എക്സാം ഹാളിൽ നിന്നുമിറങ്ങി തന്നെ വന്നു കാണാനും പ്രിൻസിപ്പൾ അച്ചൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരയോടെ ഹാൾ വിട്ടിറങ്ങിയ അഞ്ജു ആരോടും പറയാതെ ക്യാംപസ് വിട്ടുപോകുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതരുടെ വാദം.