കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് രണ്ട് മക്കൾ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെന്ന് ആരോപിച്ച് അച്ഛൻ മുരളീധരൻ. 

കൊല്ലം: കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് രണ്ട് മക്കൾ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെന്ന് ആരോപിച്ച് അച്ഛൻ മുരളീധരൻ. മഞ്ഞപ്പിത്തബാധിതരായ പെൺമക്കളുടെ മരണത്തിന് പിന്നാലെ മകൻ അമ്പാടിയും രോ​ഗബാധിതനാണ്. മകന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് മുരളീധരൻ ആവശ്യപ്പെടുന്നു.

''ഞാനൊരു കൂലിവേലക്കാരനാണ്. പത്തൊൻപതും പതിനേഴും വയസ്സും വരെ എന്റെ രണ്ട് പെൺമക്കളെ ഞാൻ വളർത്തിയതാണ്. എന്റെ മക്കളെ നഷ്ടപ്പെട്ടു. എന്റെ മകനെയെങ്കിലും രക്ഷിക്കണം. ആശുപത്രികളിൽ ഇരുപത്തയ്യായിരം മുപ്പതിനായിരം വരെയൊക്കെയാണ് പറയുന്നത് കൂലിവേലക്കാരനായ എന്നെക്കൊണ്ട് താങ്ങുമോ? എന്‍റെ മക്കളെ കൊന്നത് അവരാണ്.'' തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥയാണ് തന്റെ മക്കളുടെ മരണത്തിന് കാരണമെന്നും അച്ഛൻ മുരളീധരൻ ആരോപിക്കുന്നു. 

ദിവസങ്ങളുടെ ഇടവേളയിലാണ് കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശികളായ 19 വയസുള്ള മീനാക്ഷിയും 17 കാരി നീതുവും മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു സഹോദരിമാരുടെ മരണം. പെണ്‍കുട്ടികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിലും ആശുപത്രിയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് കുടുംബം. ശര്‍ദ്ദിച്ച് അവശയായ കുട്ടിയെ ബെഡില്ലെന്ന് പറഞ്ഞ് നിലത്താണ് കിടത്തിയതെന്നും അച്ഛന്‍ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേ സമയം, മഞ്ഞപ്പിത്തം ബാധിച്ച് കൊല്ലത്തെ സഹോദരിമാർ മരിച്ച സംഭവത്തിൽ ചികിത്സയിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വ്യക്തമാക്കി. കുട്ടികളുടെ പ്രവേശിപ്പിച്ചപ്പോൾ തന്നെ മതിയായ ചികിത്സ നൽകി. സ്ഥിതി വഷളായത് പെട്ടെന്നാണ്. ഉടൻ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തെന്ന് ആശുപത്രി അധികൃതർ പ്രാഥമിക വിശദീകരണം നൽകി. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് മെഡിസിൻ വിഭാഗത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News