കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുളള മൂന്നര വയസ്സുകാരിക്ക് നേരെ പീഡനമുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ. സ്വകാര്യ ഭാഗത്ത് ഉണ്ടായ മുറിവ് സൈക്കിളിന്‍റെ സീറ്റ് ഒടിഞ്ഞ് കമ്പി കുത്തിക്കയറി ഉണ്ടായതാണെന്നും കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ മുറിവ് ലൈംഗിക പീഡനത്തിന്‍റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് മെഡിക്കൽ ബോർഡിന്‍റെ നിഗമനം. ലൈംഗിക പീഡനം നടന്നോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് മെഡിക്കൽ ബോർഡ് സംഘം.

രണ്ടാനമ്മയാണെങ്കിലും ഭാര്യയ്ക്ക് മകളെ വലിയ ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെ മകളെ ഉപദ്രവിക്കുമെന്ന് കരുതുന്നില്ലെന്നും പിതാവ് പറഞ്ഞു. ഇറച്ചിക്കടയിൽ ജോലിക്കാരനായ താൻ വീട് പുറത്തുനിന്ന് പൂട്ടിയാണ് ജോലിയ്ക്ക് പോകാറുളളതെന്നും മാസത്തിൽ ഒന്നോ രണ്ടോ തവണ ഭാര്യയുടെ സഹോദരനല്ലാതെ മറ്റാരും വീട്ടിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാര്യാ സഹോദരൻ മകളോട് ഏറെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഇയാളെ സംശയമില്ലെന്നും പിതാവ് പറഞ്ഞു.  

മാർച്ച് 27 ന് വയറുവേദനയെ തുടർന്നാണ് മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയുടെ മൂന്നര വയസ്സുകാരിയായ മകളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് മുറിവും കൈയ്ക്കും കാലിനും വാരിയെല്ലിനും പൊട്ടലുളളതായും കണ്ടെത്തി.

കാലിനുണ്ടായ പൊട്ടൽ കുളിമുറിയിൽ തെന്നി വീണുണ്ടായതാണെന്ന് പറയുമ്പോഴും മെഡിക്കൽ ബോർഡ് കണ്ടെത്തിയ വലതു കൈയിലെ ഒടിവും വാരിയെല്ലിനേറ്റ പൊട്ടലും ഏങ്ങനെയുണ്ടായി എന്ന് അറിയില്ലെന്നും പിതാവിന്‍റെ പ്രതികരണം. വരും ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം.