Asianet News MalayalamAsianet News Malayalam

തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ്; വീഡിയോ

13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന  സമീറിനെയാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

Father took gun to protect Madrasa students from stray dogs in kasaragod video
Author
First Published Sep 16, 2022, 12:24 PM IST

കാസർകോട് : തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. കാസർകോട് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെ ദൃശ്യങ്ങളിൽ കാണാം. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്ന് സമീർ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറയുന്നത്.

വീഡിയോ 

അതേ സമയം, തെരുവുനായ ശല്യം രൂക്ഷമാണെങ്കിലും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി നിർദ്ദേശിച്ചു. നായ്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ച് ഡിജിപി സര്‍ക്കുലറും ഇറക്കി. 

വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷം: കുത്തിവയ്പ്- വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

തെരുവുനായ ആക്രമണം കൂടി വരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിർദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍. 

നായ്ക്കളെ കൊല്ലുന്നതും മാരകമായി പരിക്കേൽപ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തു നായ്ക്കളെ വഴിയിലുപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പ് വരുത്തുകയും വേണം. 

തൃശ്ശൂരില്‍ വീട്ടുമുറ്റത്ത് പാത്രം കഴുകികൊണ്ടിരുന്ന സ്ത്രീക്ക് തെരുവുനായയുടെ കടിയേറ്റു

അതിനിടെ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം എരൂരിൽ  നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് 5 തെരുവുനായകളെ വിഷം അകത്ത് ചെന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. നായകൾക്ക് വിഷം നൽകി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios