മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നില്ല. തന്‍റെ പോക്കറ്റിൽ നിന്ന് പണമെടുത്ത മകനെ ചോദ്യം ചെയ്യാനാണ് പിതാവ് പൊന്നുരുന്നിയിലെ സ്കൂളിലെത്തിയത്. പോക്കറ്റിൽ നിന്നെടുത്ത പണം മകൻ സഹപാഠികൾക്ക് നൽകിയെന്ന് മനസ്സിലാക്കിയതോടെ പിതാവ് അവരെയും വഴക്ക് പറഞ്ഞു.
ഇതോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. തന്‍റെ പക്കൽ നിന്ന് എടുക്കുന്ന പണം മകൻ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അറിയുന്നതിനാണ് സ്കൂളിലെത്തി ചോദ്യം ചെയ്തതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി സ്കൂളിൽ എത്തുന്നവരാണെന്നും ഇവരെ കുറിച്ച് മറ്റ് പരാതികളൊന്നുമില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.


