Asianet News MalayalamAsianet News Malayalam

SPC Uniform : തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്നത് മൗലിക അവകാശ ലംഘനമെന്ന് ഫാത്തിമ തഹ്ലിയ

മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെമന്നും ഫാത്തിമ തഹ്ലിയ

Fathima Thahiliya against state decision on gender neutral uniform for student police cadet
Author
Malappuram, First Published Jan 27, 2022, 3:21 PM IST

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിൽ (Student Police Cadet - SPC) മതപരമായ വേഷം വേണ്ടെന്ന തീരുമാനത്തിനെതിരെ എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ (Fathima Thahiliya). മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെയാണ് തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്ന് എന്ന ബാലിശമായ സര്‍ക്കാര്‍ തീരുമാനം. ഇത് മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം  സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെമന്നും ഫാത്തിമ തഹ്ലിയ പറയുന്നു. 

ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു. കുറ്റ്യാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. 

കാക്കി പാന്‍റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നിലവിലെ യൂണിഫോം. മാത്രമല്ല, പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇത് വരെ മതപരമായ ചിഹ്നങ്ങൾ അനുവദിച്ചിട്ടില്ല. നിലവിൽ എസ്പിസിയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയതൽ 50 ശതമാനം പേരും പെൺകുട്ടികളാണ്. ഇതിൽ മതം വേർതിരിച്ച് എത്ര പെൺകുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെൺകുട്ടികൾ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടൽ. ഇതുവരെ അതിലൊരാൾ പോലും മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ല - ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.


ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം  സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.

Follow Us:
Download App:
  • android
  • ios