ബാങ്ക് സാവകാശം അനുവദിക്കാൻ തയാറായിട്ടും ദൗർഭാഗ്യകരമായ സംഭവം നടന്നതിൽ ബാങ്കിന് ഖേദമുണ്ടെന്നും ഫെഡറൽ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
കോട്ടയം: വൈക്കത്ത് ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫെഡറൽ ബാങ്ക്. കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ബാങ്ക് വിശദീകരിച്ചു. കുടുംബാംഗങ്ങൾ സംസാരിച്ചതനുസരിച്ച് ജപ്തിയുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനും തിരിച്ചടവിന് സാവകാശം നൽകാനും തീരുമാനിച്ചിരുന്നു. വായ്പാ തിരിച്ചടവിന് ബാങ്ക് സാവകാശം അനുവദിക്കാൻ തയാറായിട്ടും ദൗർഭാഗ്യകരമായ സംഭവം നടന്നതിൽ ബാങ്കിന് ഖേദമുണ്ടെന്നും ഫെഡറൽ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്ക് വീട് ജപ്തി ചെയ്യുമെന്ന ആശങ്കയില്‍ 77 വയസുകാരനായ ഗോപാലകൃഷ്ണന്‍ ചെട്ടിയാരാണ് ഇന്ന് പുലര്‍ച്ചെ വീടിന് സമീപം തൂങ്ങി മരിച്ചത്. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണന്‍ 2018 ല്‍ ഫെഡറല്‍ ബാങ്കിന്‍റെ വൈക്കം ശാഖയില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊവിഡ് കാലത്ത് പണിയില്ലാതായതോടെ തിരിച്ചടവ് മുടങ്ങി കടം പതിനാല് ലക്ഷത്തോളമെത്തി. ഇന്നലെ വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ ഇന്ന് വീട് ജപ്തി ചെയ്യുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കേണ്ടി വരുമെന്നും പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. ഭിന്നശേഷിക്കാരിയായ മകളെയും കൊണ്ട് എവിടേക്ക് പോകുമെന്ന ആധിയിലാണ് ഗോപാലകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്ന് മകന്‍ പറഞ്ഞു.
ഗോപാലകൃഷ്ണന്‍റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഫെഡറല്‍ ബാങ്കിലേക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ കോടതി നിര്‍ദേശ പ്രകാരമുളള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് ഫെഡറല്‍ ബാങ്ക് വിശദീകരിച്ചു. ബന്ധുക്കള്‍ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഗോപാലകൃഷ്ണന് വായ്പ തിരിച്ചടവിന് സാവകാശം അനുവദിക്കുകയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നെന്നും ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
Also Read: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ, കേസെടുത്ത് പൊലീസ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

