കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ 15 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തിയതി വരെ നീട്ടി. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് നായർ അടക്കമുളള പ്രതികളുടെ റിമാൻഡ് അണ് നീട്ടിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. 

കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ്  ഡയറ്കടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോടതി നിരീക്ഷണം.