ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്ന് എഡിജിപി എം ആര്‍  അജിത്കുമാർ. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിലായിരുന്നു തർക്കം. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വo ബോർഡ് കള്ളക്കണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാർ കുറ്റപ്പെടുത്തി. ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തർക്കത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. നമ്മൾ യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേവസ്വം ബോർഡും പൊലിസും തമ്മിൽ തർക്കമുണ്ടെന്ന രീതിയിൽ പ്രചരണമുണ്ട്. തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.