995 ഏപ്രിൽ 12 ന് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളിൽ വച്ച് ജയരാജനെ ഗുണ്ടാ സംഘം വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവമാണ് കേസിനാധാരം
തിരുവനന്തപുരം : ഇ.പി.ജയരാജനെ ട്രെയിനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടപടി 2016ൽ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും തുടർ വാദമുണ്ടായിരുന്നില്ല.വര്ഷങ്ങളായി ഹൈക്കോടതിയിൽ നിൽക്കുന്ന കേസിൽ ഉടൻ തീർപ്പുണ്ടാക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഇന്ന് കേസിൽ അന്തിമ വാദം കേൾക്കുന്നത്.
ഹർജി തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് വിചാരണ നടപടികൾ വൈകുന്നതിനു കാരണമാകുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം.1995 ഏപ്രിൽ 12 ന് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളിൽ വച്ച് ജയരാജനെ ഗുണ്ടാ സംഘം വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവമാണ് കേസിനാധാരം.സംഭവത്തിൽ സുധാകരൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്
ഇപിക്കെതിരായ വധശ്രമക്കേസ്: ഫർസീനും നവീനും മൊഴി നൽകി,യാത്രക്ക് സംരക്ഷണം നൽകിയില്ലെന്ന് ഫർസീൻ മജീദ്
ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമ കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാരും മൊഴി നൽകി . കൊല്ലം പൊലീസ് ക്ലബിലെത്തിയാണ് ഇരുവരും മൊഴി നൽകിയത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ജാമ്യ വ്യവസ്ഥയിൽ ഫർസിന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും യാത്രയ്ക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഫർസീൻ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംരക്ഷണം നൽകിയില്ല. തനിക്ക് വധ ഭീഷണി ഉണ്ടെന്നും ഫർസീൻ മജീദ് പറഞ്ഞു
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ രണ്ട് തവണ വലിയതുറ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുളളതിനാൽ ഹാജരാകൻ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാർ മറുപടി നൽകിയിരുന്നു
ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവർക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.
അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ് ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്
