കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻ ക്ലാർക്ക് തട്ടിയത് 67,78,000 രൂപയാണ് എന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇന്നലെ കുറ്റപത്രം നൽകിയത്.

തട്ടിയെടുത്ത തുക കണ്ടെത്താൻ ആയില്ലെന്നും പണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും  ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരിതാശ്വസ നിധിയിൽ നിന്നും 63 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കേസ്.

കളക്ടറേറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട സംഘം പ്രളയ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്തത് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ ആഭ്യന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിൽ ദുരിതാശ്വാസ വിഭാഗത്തിൽ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെതായി മനസ്സിലായി. എഡിഎം നൽകിയ പരാതിയിൽ ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വിഷ്ണു പ്രസാദാണ് പണം തട്ടിയെടുത്തതെന്നും കണ്ടെത്തി.

മാർച്ച് ഇരുപത് വരെ ഒരു കോടി പതിനെട്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി. ഒരു കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ കൈപ്പറ്റിയിരിക്കുന്നത് വിഷ്ണു പ്രസാദാണ്. എന്നാൽ നാൽപ്പത്തിയെട്ടു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ് ട്രഷറിയിൽ അടച്ചത്. വ്യാജ രസീത് നൽകിയാണ് പണം കൈപ്പറ്റിയത്.  തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനൊടുവിൽ രേഖകൾ അടക്കം 600 ഓളം പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.

വിജിലൻസ് ജഡ്ജിയുടെ പരിശോധനക്കു ശേഷമായിരിക്കും കുറ്റപത്രം അംഗീകരിക്കണോ എന്ന് തീരുമാനിക്കുക. എന്നാൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.  23 ലക്ഷം രൂപയാണ് സിപിഎം നേതാക്കൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അരക്കോടിയോളം രൂപ തട്ടിയെുത്തെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ക്രൈബ്രാഞ്ച് വ്യക്തമാക്കുന്നത്.