Asianet News MalayalamAsianet News Malayalam

പ്രതിസന്ധികൾക്കൊടുവിൽ കൂറ്റൻ ക്രെയിനും വിഴിഞ്ഞത്ത് ഇറക്കി, ഷെൻഹുവ-15 നാളെ മടങ്ങും, അടുത്ത കപ്പല്‍ പുറപ്പെട്ടു

മറ്റു ക്രെയിനുകള്‍ ഇന്നലെയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് കൂറ്റന്‍ ക്രെയിന്‍ ഇറക്കാനായിരുന്നില്ല. ഇന്ന് ഉച്ചക്കാണ് ഈ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്

finally huge crane also unloaded in Vizhinjam, Shenhua-15 will return tomorrow, the next ship has left from china
Author
First Published Oct 24, 2023, 5:17 PM IST

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റന്‍ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിന്‍ (ഷിപ്പ് ടു ഷോര്‍ ക്രെയിന്‍) ഇന്ന് വൈകിട്ടോടെ ബര്‍ത്തിലിറക്കിയത്. കപ്പലില്‍കൊണ്ടുവന്ന ക്രെയിനുകളില്‍ ഏറ്റവും വലിയതാണിത്. ഈ ക്രെയിന്‍ ഇറക്കാനാണ് ഏറെ വെല്ലുവിളികളുണ്ടായിരുന്നത്. മറ്റു ക്രെയിനുകള്‍ ഇന്നലെയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് കൂറ്റന്‍ ക്രെയിന്‍ ഇറക്കാനായിരുന്നില്ല. ഇന്ന് ഉച്ചക്കാണ് ഈ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്. വൈകിട്ട് നാലോടെ ക്രെയിന്‍ വിജയകരമായി ബര്‍ത്തില്‍ ഇറക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെയാണ് ക്രെയിന്‍ ഇറക്കുന്നത് വൈകിയത്. അവസാനത്തെ ക്രെയിനും ഇറക്കിയതോടെ ഷെന്‍ഹുവ-15 നാളെ മടങ്ങും.

ആകെ മൂന്ന് ക്രെയിനുകളാണ് ഷെന്‍ഹുവ-15ല്‍ കൊണ്ടുവന്നിരുന്നത്. ഷെന്‍ഹുവ-15ല്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകള്‍ ഇറക്കിയിരുന്നു.  വലിയ പ്രതിസന്ധികള്‍ക്കൊടുവിലാണ് ക്രെയിനുകള്‍ ഇറക്കിയത്. കടൽക്ഷോഭവും ചൈനീസ് തൊഴിലാളികൾക്ക് കരയ്ക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു. തടസങ്ങൾ നീങ്ങി വിദഗ്ധ തൊഴിലാളികൾക്ക് വിസ ലഭ്യമാവുകയും കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് മൂന്നു ദിവസങ്ങളിലായി മൂന്നു ക്രെയിനുകളും ഇറക്കാനായത്.

വാര്‍ഫിൽ ഇറങ്ങാൻ അനുമതി ലഭിച്ച മൂന്ന് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ധ തൊഴിലാളികളും വാട്ടർലൈൻ, വില്യംസ് ഷിപ്പിംഗ് ഏജൻസികളിൽ നിന്നുളളവരുമടങ്ങുന്ന  സംഘമാണ് ക്രെയിനുകൾ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചത്. ഇതിനിടെ, വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ -29 ചൈനയില്‍നിന്ന് പുറപ്പെട്ടു. നവംബര്‍ 15ഓടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് വരുന്നത്.
'200ലധികം ബന്ദികള്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍'; ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതകളുടെ വെളിപ്പെടുത്തല്‍

Follow Us:
Download App:
  • android
  • ios