Asianet News MalayalamAsianet News Malayalam

'കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു'; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി 

കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയെ ദുർബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്.

finance minister of kerala kn balagopal response over kiifb and pension fund liability
Author
Kerala, First Published Jul 26, 2022, 12:05 PM IST

തിരുവനന്തപുരം : വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം. നടപടിയിൽ ആശങ്ക അറിയിച്ച് കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ വിശദീകരിച്ചു. കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയെ ദുർബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ ഇതേ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് മുന്നോട്ട് പോകാമെന്ന നിലപാടാണ് കേരളത്തിന്റേത്. 

കിഫ്ബി-സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാധ്യതകള്‍ ബജറ്റിന്റെ ഭാഗമാക്കണമെന്ന കേന്ദ്ര നയത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങിംഗിന്റെ അഭിപ്രായം അടങ്ങുന്ന ലേഖനം കണ്ടിട്ടില്ലെന്നും ധനമന്ത്രി പറ‍ഞ്ഞു. ധനകാര്യ സെക്രട്ടറിക്ക് എതിർ അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. ലേഖനം വായിച്ചിട്ട് മറുപടി നൽകാമെന്നും മന്ത്രി അറിയിച്ചു. കെ റെയിൽ പദ്ധതിക്ക് അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന നിലപാട് ആവ‍ര്‍ത്തിച്ച ധനമന്ത്രി, അനുമതി തന്നാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നും വിശദീകരിച്ചു. 

കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ  ഉൾപ്പെടുത്തണം- സിഎജി റിപ്പോര്‍ട്ട് 

കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ  ഉൾപ്പെടുത്തണമെന്നാണ് സിഎജി റിപ്പോര്‍ട്ടിലുമുള്ളത്. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21 ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ  പരാമർശം. 

സിൽവർലൈനിൽ അനിശ്ചിതത്വം:ഒമ്പത് ജില്ലകളിൽ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ
 
കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. 8604. 19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു. പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ആകെ 9273 .24 കോടി രൂപ ബജറ്റിന് പുറത്ത് കടം എടുത്തു. 324855.06 കോടി രൂപയാണ് ആകെ കടം.  ഇനിയും കടം എടുപ്പ് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാവും. റവന്യു വരുമാനത്തിന്റെ 21.5 ശതമാനവും പരിശല ചെലവുകൾക്ക്  മാത്രമായി ചെലവഴിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 
 
കിഫ്ബി വായ്പകളും പെൻഷൻ വായ്പകളും പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നാൽ, സംസ്ഥാനത്തിന്റെ കടമെടുപ്പ് ആകെ താളം തെറ്റും. വായ്പയെടുക്കാനാകുന്ന തുക കുത്തനെ ഇടിയും. കിഫ്ബിയുടെ മസാലബോണ്ടിൽ മുൻ ധനമന്ത്രിക്ക് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെ സിഎജി കിഫ്ബിക്കെതിരെ വിമർശനം ആവർത്തിക്കുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ്. 

Follow Us:
Download App:
  • android
  • ios