തന്‍റെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടൻ കൃഷ്ണകുമാറും മകള്‍ ദിയയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെ ആദ്യം കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. താൻ പരാതി നൽകിയതിന് പിന്നാലെ വനിത ജീവനക്കാർ തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.

നികുതി വെട്ടിക്കാനാണെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിച്ചതിന്‍റെ തെളിവടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാർ പറഞ്ഞു. അവര്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചതിന്‍റെ സിസിടിവി തെളിവടക്കമുണ്ട്. അവരുടെ അക്കൗണ്ടുകളിൽ പണം എത്തിയിട്ടുണ്ട്. അതാത് ദിവസം അവർ തുക ദിയക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ തെളിവടക്കം ഉണ്ടാകുമല്ലോ. എടിഎമ്മിൽ നിന്ന് പണം പിന്‍വലിച്ചതിന്‍റെ ദൃശ്യങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്‍റുമടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.

ചെക്ക് ബലമായി ഒപ്പിടിച്ചെങ്കിൽ അതിന്‍റെ തെളിവടക്കം അവര്‍ കാണിക്കട്ടെ. അവര്‍ക്ക് ചെക്കില്ലെന്നും അക്കൗണ്ടില്ലെന്നുമാണ് പറഞ്ഞത്. പണം വെട്ടിച്ചത് കണ്ടെത്തിയപ്പോള്‍ അതിനെ മറികടക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ പരാതിയടക്കം അവര്‍ ഉന്നയിച്ചിരിക്കുന്നത്. താനാണ് പണം വെട്ടിച്ചതിന് ആദ്യം പരാതി നൽകിയത്. അതിനുശേഷമാണ് അവര്‍ പരാതി നൽകിയത്. 

താൻ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ ഓഡിയോ റെക്കോര്‍ഡ് അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തന്‍റെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളു. ഗര്‍ഭിണിയായ മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ അങ്ങോട്ട് വിളിച്ച് ഉമ്മയല്ല കൊടുക്കേണ്ടത്. വഴിയെ പോകുന്ന സ്ത്രീയെ ആക്രമിച്ചാൽ നമ്മള്‍ പ്രതികരിക്കും. 

അപ്പോള്‍ പിന്നെ കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ? തന്‍റെ മകളെ വിളിച്ച് രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ തിരിച്ച് ഫോണിൽ വിളിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്തോള്‍ പറഞ്ഞുകൊണ്ട് തന്നെ രൂക്ഷമായി പ്രതികരിച്ചതെന്നും കൃഷ്ണകുമാര്‍ പരഞ്ഞു.

ഒത്തുതീര്‍പ്പിനടക്കം താൻ തയ്യാറായിരുന്നു. അങ്ങനെയാണ് എട്ടു ലക്ഷം അവര്‍ തന്നത്. പിന്നീട് ബാക്കി പൈസ കൊണ്ടുതരാമെന്ന് പറഞ്ഞാണ് അവര്‍ പോയത്. ഇവരുടെ പുറകിൽ ഇപ്പോള്‍ കുറച്ചുപേരുണ്ടാകും. തനിക്ക് നേരിട്ട് അറിയാവുന്ന കുട്ടികളാണ്. വക്കീൽ പറഞ്ഞ പ്രകാരമാണ് പറയുന്നതെന്ന് കുട്ടികള്‍ തന്നെ പറയുന്നുണ്ട്. അവരുടെ കൈവശം തെളിവില്ല. കോടതിയിൽ തെളിവാണ് വേണ്ടത്. തന്‍റെ പക്കൽ അവര്‍ പണം എടുത്തതിന്‍റെ എല്ലാ റെക്കോര്‍ഡുകളുമുണ്ട്. നിയമപരമായി മുന്നോട്ടുപോകുമെന്നും കൃഷ്ണകുമാറും മകള്‍ ദിയയും പറഞ്ഞു. ജാതീയമായ അധിക്ഷേപമടക്കമുള്ള കാര്യങ്ങളും കൃഷ്ണകുമാറും ദിയയും നിഷേധിച്ചു.