കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്കക്കാർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട് നിലപാട് പറഞ്ഞ് കോൺഗ്രസ് നേതാവ് വിടി ബൽറാം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്കക്കാർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട് നിലപാട് പറഞ്ഞ് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് 'സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല' എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. 'സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തിൽ എല്ലാവർക്കും അർഹമായ രീതിയിൽ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമായിരുന്നു ഇന്ന് രാവിലെ വരെ സംവരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു. സുപ്രീംകോടതി വിധിയോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണ് വിടി ബൽറാമിന്റെ കുറിപ്പ്.

അതേസമയം, മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് അനുകൂലിച്ചു. എന്നാൽ നിരാശയുണ്ടാക്കുന്ന വിധിയെന്നായിരുന്നു മുസ്ലിംലീഗിന്റെ പ്രതികരണം. മുന്നോക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുത്. ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും കെ സുധാകന്‍ കൂട്ടിച്ചേര്‍ത്തു. 

സുപ്രീംകോടതി വിധി രണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. സുപ്രീംകോടതി വിധി ജനാഭിലാഷത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ, ബില്ലിനെ പിന്തുണച്ച പ്രതിനിധി എന്ന നിലയിൽ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. കെപിസിസിയും എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. കാലങ്ങളായി ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടതായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. 

സംവരണം പൂര്‍ണമായും സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്ന് ജി സുകുമാരൻ നായര്‍ ആവശ്യപ്പെട്ടു. മോദിയുടെ നിലപാടിന്‍റെ വിജയമെന്നാണ് ബിജെപി പ്രതികരണം. അതേസമയം, വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ലെന്നും സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണ വിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.

Read more:  മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. 

നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചു. സാമ്പത്തിക പിന്നാക്ക അവസ്ഥയും മാനദണ്ഡമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. ജസ്റ്റിസ് ജെബി പർദിവാലയും ഭൂരിപക്ഷ വിധിയോട് യോജിച്ചു. സാമ്പത്തിക സംവരണത്തോട് വിജോജിപ്പില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ പറഞ്ഞു. എന്നാൽ എസ്‍സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിൻ്റെ ആനൂകൂല്യം നല്‍കാത്തത് മൗലിക അവകാശ ലംഘനമാണ്. സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് ഒടുവിൽ വ്യക്തമാക്കി. മൂന്ന്-രണ്ട് എന്ന നിലയ്ക്ക് ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത് സർക്കാരിന് വിജയമായി. ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണ്.

വിടി ബൽറാമിന്റെ കുറിപ്പ്

സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല, സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തിൽ എല്ലാവർക്കും അർഹമായ രീതിയിൽ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്. അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!