Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരിൽ പ്ലൈവുഡ്  കമ്പനിയില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമത്തില്‍ അഗ്നിശമന സേന

കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ്  കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ല

fire accident in plywood factory in Perumbavoor
Author
First Published Dec 3, 2022, 1:12 AM IST

പെരുമ്പാവൂരിൽ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ്  കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ല. തുടക്കത്തില്‍ രണ്ട് ഫയർ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. അഗ്നിശമന സേന അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുന്നതിനിടയില്‍ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് ഫയർ യൂണിറ്റ് വരാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണുള്ളത്. 

ഒക്ടോബര്‍ ആദ്യ വാരത്തില്‍ തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപം വെളിയന്നൂരിലെ ചാക്കപ്പായ് സൈക്കിൾസ് എന്ന സ്ഥാപനത്തിന്‍റെ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായിരുന്നു. ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റ് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലായിരുന്നു ആദ്യം പുക ഉയർന്നത്. പുതിയ സ്റ്റോക്ക് സൈക്കിളുകളും സ്പെയർ പാർട്സും സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നു ഇത്. ഈ സമയം താഴത്തെ നിലയിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ഇവർ പുറത്തേക്ക് ഓടി ഫയർഫോഴ്സിനെ വിളിച്ചു. അപ്പോഴേക്കും ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു. പിന്നാലെ താഴെയുള്ള  നിലയിലേക്കും തീ പടരുകയും ചെയ്യുകയായിരുന്നു. 

ഒക്ടോബര്‍ മാസത്തില്‍ തന്നെ തിരുവനന്തപുരത്ത് നഗരമധ്യത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തമുണ്ടായിരുന്നു. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൽവാ ഡൈൻ എന്ന റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തന്തൂരി അടുപ്പിൽ നിന്നുമാണ് തീ പടരുകയായിരുന്നുവെന്നാണ് നിഗമനം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള അടുക്കള ഭാഗത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ മുകൾ നിലയിലേക്കും തീ പടർന്നു. ഫയർ ഫോഴ്സ് സംഘം ഉടനെത്തി രക്ഷാ പ്രവർത്തനം നടത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.

Follow Us:
Download App:
  • android
  • ios