ഇടുക്കി: വണ്ടിപ്പെരിയാർ ടൗൺഹാളിലുണ്ടായ തീപിടിത്തം അണച്ചു. ഇന്നുച്ചക്ക് ഒന്നരയോടെയാണ് ടൗണ്‍ഹാളിന്‍റെ രണ്ടാം നിലയില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് വിവരം. ടൗണ്‍ഹാളിന്‍റെ ഒന്നാം നിലയില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായത്. 

ഇവിടെ മറ്റ് കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ സൂക്ഷിച്ചിരുന്നു. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വിവാഹ ചടങ്ങിനെത്തിയ ആളുകളെ മുഴുവന്‍ വേഗം തന്നെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 1500 ഓളം ആളുകള്‍ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് വിവരം.

പീരുമേട് നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കട്ടപ്പനയില്‍ നിന്ന് രണ്ട് യൂണിറ്റ് കൂടി എത്തിയാണ് പൂര്‍ണ്ണമായും തീയണച്ചത്. തീയണക്കാന്‍ മൂന്നുമണിക്കൂറോളം വേണ്ടിവന്നു.